Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

കടുവകളുടെ സ്വന്തം കബിനി

May 14, 2023 0


 എഴുതിയത് : Gino Jose

പെട്ടെന്ന്  നിശ്ചയിച്ച യാത്ര തുടങ്ങുന്നത് ഒരു വ്യാഴാഴ്ച വൈകുന്നേരം, കാരണം പകൽ സമയത്തെ ട്രാഫിക്കിൽ നിന്ന് രക്ഷപ്പെടണം... ലക്ഷ്യം നാഗർഹോള വന്യജീവി സങ്കേതം, ബന്ദിപ്പൂർ വന്യജീവി സങ്കേതം ,മുതുമല വന്യജീവി സങ്കേതം.. ഇതിൽ പ്രധാനമായും നാഗർഹോളയിലെ കബിനിയിലേക്കുള്ള ഫോറസ്റ്റ് സഫാരിയാണ്.


ഏകദേശം പുലർച്ചെ 5.30 ന്  കുട്ടയിൽ എത്തി. ചെറിയ ഒരു വിശ്രമം. ആറുമണിക്ക് നാഗർഹോളയിലെ നാനാച്ചി ഗേറ്റിൽ ജീപ്പ് സഫാരി.. ഈ സഫാരിയും കഴിഞ്ഞ് നേരെ പോയത് നാഗർഹോളയിലെ തന്നെ മറ്റൊരു ഗേറ്റ് ആയ കാക്കനാംകോട്ടയിലെ (kabini) ഫോറസ്റ്റ് സഫാരിക്കാണ്. ഞങ്ങൾ സഫാരി ബുക്ക് ചെയ്തത് ഉച്ചയ്ക്ക് ശേഷം ആയതിനാൽ പതുക്കെ ചെന്നാൽ മതി. നഗർഹോള ചെക്പോസ്റ്റിൽ വേണ്ട വിവരങ്ങൾ നൽകി വണ്ടി മുന്നോട്ട്. നല്ലതായിരുന്നു റോഡ് എന്നാലും വണ്ടിയുടെ സ്പീഡ് ഒരിക്കലും 30-40 നു മുകളിലേക്ക് പോയില്ല. ഒന്നാമത് നമ്മുടെയും വന്യ ജീവികളുടെയും സുരക്ഷ. രണ്ടാമത് ജീവികളെ കണ്ടെത്താനുള്ള എളുപ്പത്തിനായും മെല്ലെ ആണ് പോയത്.

 



എച്ച് ഡി കോട്ടയ്ക്ക് അടുത്തുള്ള കബിനി ഫാം സ്റ്റേയിലാണ് ഞങ്ങൾ താമസിക്കുന്നത് . ഇവിടെ പ്രധാനമായും കോട്ടേജുകളും ,ടെന്റ് കോട്ടേജുകളും ആണുള്ളത്. ഒരു ടെന്റ് കോട്ടേജിനുള്ളിൽ രണ്ട് ഡബിൾ ബെഡ്ഡുകൾ ഉണ്ട്. 5000 രൂപയാണ് ഈ കോട്ടേജിന് നാലുപേർക്ക്. (ഭക്ഷണം ഇല്ല). ഇവിടെ നിന്നും 13 കിലോമീറ്റർ ദൂരമാണ് സഫാരി പോയിന്റിലേക്ക് ഉള്ളത്.
ഉച്ചഭക്ഷണം കഴിച്ച് നേരെ സഫാരി പോയിന്റിൽ എത്തി. ആദ്യ സഫാരിയുടെ ആവേശത്തിലായിരുന്നു ഞങ്ങൾ 4 പേരും.  കാട്ടിലേക്ക് വണ്ടി ഉരുണ്ടു തുടങ്ങി, മനസ്സിനുള്ളിൽ കബനിയിൽ നിന്ന് പലരും പകർത്തിയ ചിത്രങ്ങൾ മിന്നി മറഞ്ഞുകൊണ്ടേ ഇരുന്നു. കാടിന്റെ ദൈവത്തെ കാണാനുള്ള യാത്ര ഇത്തവണ എങ്കിലും സാധിച്ചു തരണേ എന്നുള്ള പ്രാർത്ഥന ഉള്ളിൽ ഉരുവിട്ട് കൊണ്ടേ ഇരുന്നു.മ്ലാവിന്റെയും കുരങ്ങന്റെയും മാനുകളുടെയും എല്ലാം അലാം കാൾസ് തിരിച്ചറിഞ്ഞാണ് കടുവയുടെയോ പുലിയുടെയോ കാട്ടുനായുടെയോ സാനിധ്യം മനസ്സിലാക്കുന്നത്.
കബനി കാടുകൾക്ക് ഇപ്പോൾ പച്ചപ്പില്ല. വരണ്ട് ഉണങ്ങിയ ഒരു അവസ്ഥ.. കാടിനുള്ളിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ ഞങ്ങൾക്ക് ലഭിച്ചത് മാൻ കൂട്ടങ്ങളെയാണ്.. പുറത്തേക്കു ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നത് ഓറഞ്ചും കറുപ്പും വെളുപ്പും നിറത്തിലുള്ള രാജകീയ ഭാവം കാണുവാൻ വേണ്ടിയാണ്.. കാടിനുള്ളിലെ യഥാർത്ഥ രാജാവിനെ കാണുവാൻ.. പെട്ടെന്നായിരുന്നു ആ രാജകീയ ഭാവം മുന്നിലേക്ക് പ്രത്യക്ഷപ്പെട്ടത്.. ഗിർവനത്തിലെ സഫാരിയിൽ സിംഹങ്ങളെ നേരിൽ കണ്ടപ്പോൾ, നാഗർഹോളയിലെ കബനി സഫാരിയിൽ കടുവകളെ നേരിട്ട് കാണുവാൻ സാധിച്ചു. ഒന്നിന് പുറകെ ഒന്നൊന്നായി വരുന്ന കടുവ ഫാമിലി.. ആ രാജകീയ ഭാവം നമുക്ക് നൽകിയ സന്തോഷം ചെറുതൊന്നുമല്ല.. മറ്റേത് മൃഗം ആണെങ്കിലും കാത്തുനിൽക്കുന്ന ഞങ്ങളെ ഒന്നും നോക്കുകയെങ്കിലും ചെയ്യും.. ഇതൊന്നും ഞങ്ങൾക്ക് ബാധകമല്ല ഇത് ഞങ്ങളുടെ നാട് എന്ന മട്ടിലായിരുന്നു അവരുടെ നടത്തം. എൻറെ ജീവിതത്തിലെ ഒരു സുവർണ്ണ നിമിഷങ്ങൾ ആയിരുന്നു ഞാൻ ക്യാമറയിൽ പകർത്തിയത്. 

 



പ്രത്യേകിച്ച് ഫോറസ്റ്റ് സഫാരികളും ട്രക്കിങ്ങുകളും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയിൽ ഈ നിമിഷങ്ങൾ മറക്കാനാവാത്തതായിരുന്നു. ഓറഞ്ചും കറുപ്പും വെള്ളയും കലർന്ന ആ രാജകീയ ഭാവം....🥰🥰🐅🥰🥰
അവിടെ നിന്നും സഫാരി തുടർന്നു.. നേരെ പോയത് നദി കരയിലേക്കാണ്.. അങ്ങോട്ട് എത്തിയത് മാത്രമേ ഓർമ്മയുള്ളൂ.. ഇത് കാട്ടാനകളുടെ സ്കൂളോ? എണ്ണിയാൽ തീരാത്ത വിധം കാട്ടാനകളുടെ ഒരു മഹാസംഗമം.. നദിക്കരയിൽ സ്വൈര്യ വിഹാരം നടത്തിക്കൊണ്ടിരിക്കുന്ന കാട്ടാനകളുടെ ആ ഒരു വിഷ്വൽസ് പകർത്തുമ്പോൾ , ആനക്കുളത്തെ കാട്ടാനകളെ ഓർമ്മ വരും.. കൂടെയുണ്ടായിരുന്ന എബി അവറ്റകളെ ഒന്ന് എണ്ണി നോക്കി. 24 എണ്ണം ഉണ്ട്.. ഇവിടെ മാത്രം കാണുന്ന കാട്ടാനകളുടെ എണ്ണമാണ്. നദിക്കരയുടെ മറ്റു കരകളിലായി വേറെയും കുറെ കാട്ടാനകൾ നിൽപ്പുണ്ട്. അവയുടെ പുല്ല് തട്ടിപ്പറിച്ച് കഴിക്കുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്.  ഈ കൂട്ടത്തിൽ ഒരു ആനയുടെ കാലിന് എന്തോ സംഭവിച്ചിട്ടുണ്ട്.. അല്പം നീളക്കുറവുള്ളതുപോലെയും ഒടിഞ്ഞ നിൽക്കുന്നതുപോലെയുള്ള രീതിയിലാണ് കാല് നിൽക്കുന്നത്.. ചെറുപ്പത്തിൽ കടുവ പിടിച്ചതാണോ എന്നറിയില്ല അതോ മറ്റെന്തെങ്കിലും അപകടം സംഭവിച്ചതാണോ എന്നും അറിയില്ല അതിൻറെ നടത്തത്തിലും എല്ലാം ഒരു വ്യത്യാസമുണ്ട്... ആ ഒരു ദൃശ്യം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.
കുട്ടിയാനകളും കൊമ്പനും കുട്ടികുറുമ്പനും ആയി ഒരുപാട് കാട്ടാനകളുടെ ഒരു സ്കൂളിലേക്കാണ് ഞങ്ങൾ വന്നത്. ഈ കാഴ്ച കണ്ടുകൊണ്ടിരുന്നപ്പോൾ ബോട്ട് സഫാരിയുമായി ആൾക്കാർ അവിടെ എത്തി. അവരുടെ നേരെ നടന്ന് ആനയുടെ കാഴ്ചകളും, ഞങ്ങളുടെ നേരെ ഓടിവന്ന കുട്ടിയാനയുടെ പുറകെ വരുന്ന കാട്ടാനയുടെ ദൃശ്യങ്ങളും... അവരുടെ ഇടയിൽ എന്തോ ഒരു ആശയവിനിമയം നടന്നു.. ഇനി കാട്ടാനകളുടെ പരേഡ് ആണ്.. പട്ടാളക്കാരുടെ പരേഡ് പോലെ നടന്നു നീങ്ങുന്ന കാട്ടാനയുടെ ദൃശ്യം ക്യാമറയിൽ പകർത്തുമ്പോൾ എന്തെന്നില്ലാത്ത ഒരു ആഹ്ലാദം..
മറുകരയിൽ നിന്ന വലിയ ഒരു കൊമ്പൻ.. അവൻറെ അടുത്തേക്കാണ് ഇവരുടെ ഈ പരേഡ്.. നീളമേറിയ വളഞ്ഞ കൊമ്പുകൾ ഉള്ള ലക്ഷണമൊത്ത ഒരു ആന.. നദിക്കരയിലൂടെ ഞങ്ങളുടെ വണ്ടി ഉരുണ്ടു തുടങ്ങി. പെട്ടെന്നാണ് നദിക്കരയിൽ നിന്ന നാഗർഹോളയുടെ അല്ലെങ്കിൽ കബിനിയുടെ സ്വന്തം ഒറ്റക്കൊമ്പൻ.  ഈ കൊമ്പന് ഒറ്റക്കൊമ്പ് മാത്രമേ ഉള്ളൂ.. ഒരെണ്ണം പോയതാണോ അതോ ഒറ്റക്കൊമ്പ് മാത്രമാണോ ഉള്ളൂ എന്നറിയില്ല.. എന്തായാലും ആനക്കൂട്ടങ്ങളിൽ ഒന്നും പെടാതെ അവൻ മാറിനിന്നു മേയുകയാണ്. 

 


ഇവിടെ രണ്ടുതരം സഫാരികളാണ് ഉള്ളത്


തിങ്കൾ മുതൽ വെള്ളിവരെ  മൂന്നുമണിക്കൂർ വീതമുള്ള രണ്ട് സഫാരികൾ. രാവിലെ ആറുമണിക്ക് ആരംഭിച് 9 മണിയോടുകൂടി അവസാനിക്കുന്ന ഒരു സഫാരിയും, വൈകുന്നേരം മൂന്നര മണിക്ക് ആരംഭിച് ആറരിയോടുകൂടി അവസാനിക്കുന്ന മറ്റൊരു സഫാരിയും.. 


ശനി ഞായർ ദിവസങ്ങളിൽ ഒന്നര മണിക്കൂർ വീതമുള്ള സഫാരികൾ ആണുള്ളത്. രാവിലെ ആറുമണിക്ക് ആരംഭിച് ഏഴരയോടുകൂടി അവസാനിക്കുന്നതും, ഏഴരയ്ക്ക് ആരംഭിച് 9 മണിയോടുകൂടി അവസാനിക്കുന്നതുമായ സഫാരികളും. അതുപോലെ വൈകുന്നേരം മൂന്നര മണിക്ക് ആരംഭിച്ച അഞ്ചുമണിയോടുകൂടി അവസാനിക്കുന്നതും അഞ്ചുമണിക്ക് ആരംഭിച്ച അവസാനിക്കുന്നതുമായ സഫാരികളും.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസത്തെ സഫാരിക്ക് 610 രൂപയും( ഓൺലൈൻ ബുക്ക് ചെയ്താൽ 636 രൂപയും), ശനി ഞായർ ദിവസത്തെ സഫാരിക്ക് 460 രൂപയും (ഓൺലൈൻ ബുക്ക് ചെയ്താൽ 482 രൂപ) ആണ്.
കബനി സഫാരിക്ക് വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സഫാരിക്കുള്ള സീറ്റുകൾ ഓൺലൈൻ ബുക്ക് ചെയ്ത് കഴിഞ്ഞിട്ട് മാത്രമേ വരാവൂ. Nagarhola tiger reserve ഒഫീഷ്യൽ സൈറ്റ് വഴി ബുക്ക് ചെയ്യുക. രണ്ടുദിവസം മുൻപേ നമ്മൾ ഓൺലൈൻ ബുക്ക് ചെയ്യണം. രണ്ടുദിവസം മുൻപ് ഓൺലൈൻ ടിക്കറ്റുകൾ ക്ലോസ് ചെയ്തതിനുശേഷം ഓഫ് ലൈൻ ആക്കി വയ്ക്കും ടിക്കറ്റുകൾ.. ഇവിടെ വന്ന് ടിക്കറ്റ് എടുക്കുവാൻ നോക്കിയാൽ കിട്ടണം എന്ന് നിർബന്ധമില്ല. അതുപോലെ സഫാരിക്ക് വരുന്നവർ എച്ച് ഡി കോട്ട, ഹാൻഡ് പോസ്റ്റ്,  സ്ഥലങ്ങളിൽ റൂമുകൾ എടുത്ത് താമസിക്കണം. ഈ രണ്ടു സ്ഥലങ്ങളിൽ മാത്രമാണ് നമുക്ക് താമസ സൗകര്യങ്ങൾ ലഭ്യമായിട്ടുള്ളതാണ്. പുലർച്ചെ നമ്മൾ പുറപ്പെട്ടാൽ രാവിലത്തെ സഫാരി എടുക്കാൻ പറ്റില്ല. ഇങ്ങോട്ടുള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റുകൾ എല്ലാം രാവിലെ ആറുമണിമുതൽ വൈകുന്നേരം 6 മണി വരെ മാത്രമേ ഓപ്പൺ ആകത്തുള്ളൂ. തിങ്കൾ മുതൽ വെള്ളിവരെയുള്ള സഫാരികൾ എടുക്കുന്നതാവും ഉചിതം.
വന്യമൃഗങ്ങളുടെ വലിയ കൂട്ടങ്ങൾ, മരക്കൊമ്പുകളിൽ ഇരിക്കുന്ന പുള്ളിപ്പുലികൾ, പിടികിട്ടാത്ത കരിമ്പുലിയും, കടുവയും, വലിയ കൂട്ടം  ആനകളും, കാട്ടുനായ്ക്കളും പക്ഷിമൃഗാദികളുടെ വിസ്മയിപ്പിക്കുന്ന ഒരു നിരയും. ഇതൊക്കെ കാണണം എങ്കിൽ നാഗർഹോള ടൈഗർ റിസർവിലെ കബിനിയിലേക് വിട്ടോളൂ.


 
കബിനിയിലെ കടുവ കൂട്ടങ്ങളെ കാണുവാനും, കാട്ടാനകളുടെ മഹാസമ്മേളനം കാണുവാനും offbeat Travellers എന്ന യൂട്യൂബ് ചാനൽ കാണുക.
 


 

Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.