Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

കൃഷി അച്ഛന് എന്നും ആവേശമായിരുന്നു. അതിൽ ഏറ്റവും പ്രീയപെട്ടതു വെറ്റില കൃഷിയും

January 23, 2021 0
കൃഷി അച്ഛന് എന്നും ആവേശമായിരുന്നു. അതിൽ ഏറ്റവും പ്രീയപെട്ടതു വെറ്റില കൃഷിയും. അച്ഛൻ എന്നോട് അവസാനമായി സംസാരിച്ചതും വെറ്റില കൃഷിയെ കുറിച്ചാണ് . " ഈ അസുഖം ഒക്കെ മാറിയിട്ട് നമുക്ക് ഒരു 4 പാത്തി കോടി ഇടണം ... ഒരുപാട് ഉയരത്തിൽ വേണ്ട, തറയിൽ നിന്നോ ഒരു ചെറിയ കുതിരയിൽ നിന്നോ എത്തുന്ന ഉയരത്തിൽ മതി.. ഒരു  50 കെട്ട്  വെറ്റില ആഴ്ചയിൽ പറിക്കണം " എന്ന് പറഞ്ഞിട്ട് ഉറങ്ങാൻ കിടന്ന അച്ഛൻ പിന്നെ എന്നോട് സംസാരിച്ചില്ല. ഉറക്കത്തിൽ എപ്പോഴോ ബോധം നഷ്ടപെട്ട അച്ഛനെ പിന്നെ ICU വിലേക്കു മാറ്റി ... കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ മികച്ച കർഷകൻ നന്മകൾ മാത്രം വിതച്ചിട്ടു വിളവെടുപ്പിനു കത്ത് നില്കാതെ പോയി. 
തീരെ കുട്ടികളായിരിക്കുമ്പോൾ മുതൽ അച്ഛന് വയലിൽ പോകാൻ ഞാനും അനിയനും കൂടെ വേണം .. അന്നൊക്കെ ജോലി ഒന്നും ചെയ്യാൻ സമ്മതിക്കില്ല " നിങ്ങൾ ചെയ്താൽ ശരിയാവില്ല " എന്ന് പറഞ്ഞു മാറ്റി നിർത്തും . എങ്കിലും കൂടെ ചെല്ലണം ... മക്കൾ എല്ലാം കണ്ടു പടിക്കട്ടെ  എന്ന് കരുതിക്കാണും ... കരുതിക്കാണും എന്നല്ല അതാണ് ശരി. കുറച്ചു വളർന്നപ്പോഴേക്കും ഞാനും അനുജനും അത്യാവശ്യം നന്നായി കൃഷി പഠിച്ചിരുന്നു.... പിന്നെ അതൊരു ആവേശമായി. 

വയലിൽ വെള്ളം കോരൽ ഞങ്ങളുടെ  ദിനചര്യ ആയിരുന്നു. അവധി ദിവസങ്ങളിൽ കൂട്ടുകാർ മുഴുവൻ അടുത്തുള്ള പറമ്പിൽ ക്രിക്കറ്റ് കളിക്കുമ്പോൾ ഞാനും അനുജനും  വെറ്റക്കൊടിയുടെ  തലകെട്ടുകയോ, പയറിനു പന്തലിടുകയോ ചെയ്‌യുകയായിരിക്കും. അന്നൊക്കെ അച്ഛനോട് ദേഷ്യം തോന്നിയിരുന്നു. പക്ഷെ ആ  കുട്ടികാലം പഠിപ്പിച്ച പടങ്ങൾ വളരെ വലുതാണ് എന്ന് മനസ്സിലാക്കാൻ   ഒരുപാട് കാലം കഴിയേണ്ടി വന്നു. 

മിക്കവാറും  അതിരാവിലെ അച്ഛന്റെ കൂടെ വെറ്റില വിൽക്കാൻ ചന്തയിൽ പോകുന്നത് ഞാൻ ആയിരുന്നു... ഒരു ആഴ്ച മുഴുവൻ കഷ്ടപ്പെട്ട് ... വെള്ളം കോരി വളർത്തി. ഒരു ദിവസം മുഴുവൻ എടുത്തു പറിച്ചു.. പാതിരാത്രി വരെ ഇരുന്നു ഇരുന്നു അടുക്കി കെട്ടി അതിരാവിലെ ചന്തയിൽ കൊണ്ട് ചെന്ന്  വിൽക്കുമ്പോൾ  ചിലപ്പോൾ കിട്ടുന്നത് തുച്ഛമായ വിലായിരിക്കും ... എനിക്ക്  ചിലപ്പോൾ കരച്ചിൽ വരും പക്ഷെ അച്ഛന്റെ മുഖത്ത് ഒരു പരിഭവും കണ്ടിട്ടില്ല.... കൃഷിയെ പഴിച്ചിട്ടില്ല. കിട്ടിയ കാശിനു മുഴുവൻ  വളവും  വാങ്ങിയായിരിക്കും വീട്ടിലേക്കു തിരിച്ചു വരുന്നത്. അടുത്ത ചന്തക്കു വില കാണും എന്ന പ്രതീക്ഷ... അല്ലെങ്കിൽ വിശ്വാസം. 
അച്ഛന് എല്ലാത്തിനും അതിന്റേതായ രീതികൾ ഉണ്ടായിരുന്നു. വൃത്തിയും വെടിപ്പും ഉണ്ടായിരുന്നു.  പയറായാലും വെറ്റില ആയാലും നല്ല ഭംഗിയായി അടുക്കി കെട്ടി മാത്രമേ ചന്തയിൽ കൊണ്ടുപോകുമായിരുന്നുള്ളു. വിളവെടുത്തു കൊണ്ട് വന്നു കാർഷിക വിഭവങ്ങൾ അടുക്കി കെട്ടുമ്പോൾ അച്ഛന്റെ മുഖത്തു ഉണ്ടാവാറുളള  സംതൃപ്‌തിയും സന്തോഷവും ഒന്ന് വേറെ തന്നെ ആയിരുന്നു.  

ആ കൃഷിപാഠമാണ്... തോറ്റുപോകുന്നു  എന്ന് തോന്നുന്ന പല അവസരങ്ങളിലും പ്രതീക്ഷയോടെ കാത്തിരിക്കാൻ പഠിപ്പിച്ചത്. ഇപ്പോഴും ഊർജ്‌ജമായി കൂടെ ഉള്ളത്. 

അച്ഛന്റെ ഓർമകൾക്ക് മുന്നിൽ...

കടപ്പാട് : Aneesh Prabhakar

Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.