Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

കമ്പത്തെ മുന്തിരിത്തോട്ടം കണ്ടാലോ നമുക്ക്

May 16, 2023 0

എഴുതിയത് :  Justin Joy


തേക്കടിയിലെ കാഴ്ചകൾ ഒക്കെ കണ്ട ശേഷം ഞങ്ങൾ മുന്തിരിത്തോട്ടം കാണാനായിട്ട് തമിഴ്നാട്ടിലോട്ട് യാത്ര തിരിച്ചു. തേക്കടിയിൽ ഏകദേശം അര മണിക്കൂർ ദൂരം ഉണ്ട് ഈ മുന്തിരിത്തോട്ടത്തിലോട്ട്. മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥർ എന്തായാലും നല്ല രീതിയിൽ പരസ്യം കൊടുക്കുന്നുണ്ട്, കാരണം തേക്കടിയിൽ വച്ച് തന്നെ ഒത്തിരി ടൂർ ഗൈഡുമാർ മുന്തിരിത്തോട്ടം ഇന്ന സ്ഥലത്തുണ്ട് പോയി കാണണം, പാക്കേജ് ഉണ്ട് എന്നൊക്കെ പറഞ്ഞിരുന്നു. ഞങ്ങൾ പാക്കേജ് ഒന്നും എടുത്തില്ല ഏതു സ്ഥലത്താണെന്ന് ഉള്ളത് മനസ്സിലാക്കി ഞങ്ങൾ  അങ്ങോട്ട് പോയി . തമിഴ്നാടിന്റെയും കേരളത്തിന്റെയും ഒക്കെ ചെക്ക് പോസ്റ്റ് കടന്ന് വളഞ്ഞ പുളഞ്ഞ വഴിയിലൂടെ മലയിറങ്ങി തമിഴ്നാട്ടിൽ എത്തി. മലയിറങ്ങി കഴിഞ്ഞപ്പോൾ നല്ല അടിപൊളി റോഡ്. നല്ല വീതിയുള്ള,നന്നായി ടാർ ചെയ്ത  നേരെയുള്ള റോഡ്.
അങ്ങനെ ഏകദേശം അരമുക്കാൽ മണിക്കൂറത്തെ യാത്രയ്ക്ക് ശേഷം ഞങ്ങൾ ജനീസ് ഗ്രേപ്സിലെത്തി. 


 


ഹൈവേയുടെ ഇരുവശങ്ങളിലും മുന്തിരി തോട്ടങ്ങളാണ്. ഇടതുവശത്ത് ജനീസ് ഗ്രേപ്സും വലതുവശത്ത് എം എസ് ആർ ഗ്രേപ്സും. മുന്തിരിത്തോട്ടത്തിനുള്ളിൽ കയറുന്നതിന് പ്രത്യേകിച്ച് ഫീസ് ഒന്നുമില്ല. ഇവരുടെ തന്നെ കടകൾ മുന്തിരിത്തോട്ടത്തിന് മുൻപിൽ ഉണ്ട്. അവിടെ മുന്തിരി കൊണ്ടുള്ള ഉൽപ്പന്നങ്ങൾ ഒക്കെ വിൽക്കുന്നുണ്ട്. ഞങ്ങൾ മുന്തിരിത്തോട്ടത്തിനുള്ളിലേക്ക് നടന്നു നല്ല ചൂടാണ്, നട്ടുച്ചയ്ക്കാണ് മുന്തിരിത്തോട്ടത്തിൽ എത്തിയത്. മുന്തിരിത്തോട്ടത്തിന് ഉള്ളിലേക്കുള്ള മൺപാതയിലൂടെ നടക്കുമ്പോൾ ഇരുവശങ്ങളിലും കമ്പിവേലി കെട്ടിയിട്ടുണ്ട്, പല പ്രായത്തിലുള്ള മുന്തിരി ചെടികൾ  ഇവിടെയുണ്ട്. ഇലകൾ തളിർത്തു നിൽക്കുന്നവയും, പിഞ്ച് മുന്തിരിങ്ങ ഉള്ളവയും, പഴുക്കാറായ മുന്തിരിങ്ങ ഉള്ളവയും,  നന്നായി പഴുത്ത മുന്തിരിങ്ങ ഉള്ളവയുംഒക്കെയുണ്ട്. പല ഗ്രൂപ്പായി തിരിച്ചാണ് ഇവ നട്ടിരിക്കുന്നത്. അതുകൊണ്ട് മിക്കവാറും എല്ലാ സീസണിലും ഇവിടെ മുന്തിരിങ്ങ ഉണ്ടാകും.

 



മുന്തിരിത്തോട്ടത്തിനുള്ളിലേക്ക് കടന്നപ്പോൾ തന്നെ അവിടെ എഴുതിവെച്ചിട്ടുണ്ട് മുന്തിരിങ്ങ പറിക്കരുത് എന്ന്. അവിടെയുള്ള ഒരു സ്റ്റാഫ് മുന്തിരിങ്ങ പറിക്കാനും തൊടാനും ഒക്കെ ശ്രമിക്കുന്ന ആൾക്കാരുടെ പുറകെ തന്നെ ഉണ്ട്. മുന്തിരി ജ്യൂസും മുന്തിരി വൈനും പഴുത്ത മുന്തിരിങ്ങയും  വിൽക്കുന്ന സ്റ്റോളും ഇവിടെയുണ്ട്.   ഫോട്ടോഗ്രാഫറും മിനിറ്റുകൾക്കുള്ളിൽ തന്നെ ഫോട്ടോ പ്രിന്റ് ചെയ്തു കൊടുക്കുന്ന സൗകര്യവും ഇവിടെയുണ്ട്. മുന്തിരി തോട്ടത്തിനുള്ളിലൂടെ നടന്നു,തലയ്ക്കൊപ്പം മുന്തിരിക്കുലകൾ തൂങ്ങി കിടക്കുന്നു. കുട്ടികളെല്ലാം വളരെ സന്തോഷത്തോടെ ഓടി നടക്കുന്നു. കൂടുതൽ സഞ്ചാരികളും കേരളത്തിൽ നിന്നാണെന്ന് തോന്നുന്നു, തേക്കടി ഭാഗത്ത് പോയ ആളുകൾ മുന്തിരിത്തോട്ടവും കണ്ടേ  പൊതുവേ മടങ്ങാറുള്ളൂ എന്ന് തോന്നുന്നു. നമ്മുടെ കേരളത്തിൽ വളരെ കുറച്ചുള്ള എന്നാൽ തമിഴ്നാട്ടിൽ ധാരാളം ഉള്ള ഒരു കാഴ്ചയാണല്ലോ ഇത്.

 



അഴകൊത്ത മുന്തിരിക്കുലകൾ ഏവരെയും ആകർഷിക്കുന്നതാണ്. ഞങ്ങൾ കുറച്ച് ചിത്രങ്ങൾ ഒക്കെ എടുത്ത് മുന്തിരി ജ്യൂസ് കുടിച്ച്, കുറച്ച് മുന്തിരിങ്ങയൊക്കെ വാങ്ങി. ഈ തോട്ടത്തിന് തന്നെ ഒരു ഭാഗത്ത്  ജോലിക്കാർ മുന്തിരിങ്ങ പറിക്കുന്നുണ്ട്, അത് സ്റ്റോളിൽ കൊണ്ടുവന്നു വച്ച് വിൽക്കുന്നു. ഫ്രഷായ മുന്തിരിങ്ങ വിലക്കുറവിൽ നേരിട്ട് വാങ്ങാമല്ലോ. രണ്ടുമണിക്കൂറോളം മുന്തിരിത്തോട്ടത്തിനുള്ളിൽ ചിലവഴിച്ചു. വളരെ സന്തോഷകരമായ ഒരു ദിവസമായിരുന്നു ഇത്. ഈ കൊടുംചൂടിലും മനസ്സിനെ തണുപ്പിക്കുന്ന കാഴ്ചകൾ ആയിരുന്നു ചുറ്റുപാടും ഉണ്ടായിരുന്നത്. 

മുന്തിരി തോട്ടത്തിന്റെ വിശേഷങ്ങൾ കാണാൻ താഴേയുള്ള വിഡിയോ കാണുക




Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.