Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

ഇടുക്കിയിൽ ഒരു കിടിലൻ സ്ഥലമുണ്ടങ്കിൽ അതു അധികമാരും അറിയാത്ത ഉടുമ്പൻചോലയാണ്

October 18, 2021 0
ഇടുക്കിയിൽ കാണാൻ ഏറ്റവും കിടിലൻ സ്ഥലമേതാണെന്നു ചോദിച്ചാൽ, കണ്ണുമടച്ചു പറയാം ഈ സ്ഥലം. മൂന്നാറും വാഗമണ്ണും തേക്കടിയുമൊന്നുമല്ല കേട്ടോ, പിന്നെ സ്ഥലമേതാണെന്നാണോ, പറയാം, ഉടുമ്പൻചോലയിൽ നിന്നും ഏഴു കിലോമീറ്റർ മാത്രമാണ് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇവിടേക്ക്, ഒഫീഷ്യലി തമിഴ്നാടിന്റെ ഭാഗമാണെന്നും കേൾക്കുന്നു, കൃത്യമായി അറിയാവുന്നവർ കമന്റ് ചെയ്യണേ. ഏതായാലും പോകുന്ന വഴിക്കു ചെക് പോസ്റ്റോ ടിക്കറ്റ് കൗണ്ടറോ ഒന്നുമില്ല അത്കൊണ്ട് തന്നെ ഏതു സമയത്തും യാതൊരു റെസ്ട്രിക്ഷനുമില്ലാതെ പോകാൻ പറ്റും.

ഞങ്ങൾ ഏഴു പേരുണ്ടായിരുന്നു, ഒരു സുഹൃത്തിന്റെ ഉടുമ്പൻചോലയുള്ള എസ്റ്റേറ്റിൽ തങ്ങാനും കറങ്ങാനുമൊക്കെയായി വന്നതാണ്. രണ്ടു വണ്ടിയിലായി എറണാകുളത്തു നിന്ന് സ്റ്റാർട്ട്‌ ചെയ്ത് കോതമംഗലം, അടിമാലി വഴി ഉടുമ്പഞ്ചോലയെത്തി. ടൗണിൽ നിന്നും ഒരു കിലോമീറ്റർ മാത്രം മാറി ഒരു കിടിലൻ ഏലത്തോട്ടം, ഏലം മാത്രമല്ല കുരുമുളകും കാപ്പിയും ഓറഞ്ചും ലിച്ചിയും നാരങ്ങയും വാഴയും, കല്ല് വാഴയടക്കം. അങ്ങനെ അവിടെ ഇല്ലാത്തതൊന്നുമ്മില്ല,പോരാത്തതിന് നിറയെ പക്ഷികളും  ചിലപ്പോഴൊക്കെ കേഴയും മലയണ്ണാനും വരാറുണ്ട് പോലും, ഏതായാലും ഒരു രക്ഷയുമില്ലാത്ത ആമ്പിയൻസ്, ന്യൂജൻ ഭാഷയിൽ കിടു വൈബ്. ഒരു റിസോർട്ടിലും പോയാൽ കിട്ടാത്ത ഒരു പ്രത്യേക അന്തരീക്ഷം. എസ്റ്റേറ്റിനകത്തു ഒരു ചെറിയ ലേക്കും ഉണ്ട്. ഞങ്ങൾ എത്തിയപ്പോളേക്കും ലേറ്റ് ആയിരുന്നെങ്കിലും കുക്കിങ്ങും ബാർബിക്യുവും ഒക്കെ ചെയ്ത് അത്യാവശ്യം തകർത്തിട്ടാണ് ഉറങ്ങിയത്. 

കിടക്കാൻ ഒരുപാട് വൈകിയെങ്കിലും, രാവിലെ ഞാൻ നേരത്തെ എഴുന്നേറ്റു, കാരണം പ്രഭാത കാഴ്ചകൾ മിസ്സാവാൻ പാടില്ല, പുറത്തിറങ്ങിയപ്പോൾ കട്ട തണുപ്പും കോടയും, നേരം ആറു മണിയായിട്ടേയുള്ളൂ, അപ്പോഴേക്കും എസ്റ്റേറ്റ് ജോലിക്കാരൊക്കെ എഴുന്നേറ്റു ജോലി തുടങ്ങിക്കഴിഞ്ഞു, തണുപ്പും മഞ്ഞും വകവെക്കാതെ. ഏലത്തിന് മരുന്നടിക്കുന്നു. ഏലത്തിനു നല്ല തണലും തണുപ്പും വേണമെന്ന് തോന്നുന്നു, എസ്റ്റേറ്റ് നിറയെ വലിയ മരങ്ങളാണ്, അത് കൊണ്ട് തന്നെ തോട്ടം നിറച്ചും പക്ഷികളാണ് പല തരത്തിലുള്ളവ, ഇവക്ക് ഇത്രയും ശബ്ദമുണ്ടാക്കാൻ പറ്റുമോയെന്നു ഞാൻ അത്ഭുതപ്പെട്ടു. ഏലചെടികൾക്കിടയിലൂടെ മഞ്ഞ് പരന്നിരിക്കുന്നു, താഴെയുള്ള ഒരു ചെറിയ കുളത്തിലേക്കു പൈപ്പിൽ വെള്ളം വന്നു വീഴുന്നു, വെള്ളത്തിനു നല്ല പച്ച നിറം. ഏലചെടികൾക്കിടയിലൂടെ കുറച്ചു നടന്നു, ഇലകൾക്കിടയിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങുന്നു, ഒന്നും പറയാനില്ല മുൻപ് പറഞ്ഞ സാധനം അതിന്റെ പാരമ്യത്തിലെത്തി, അതേ വൈബ് തന്നെ. പരമാവധി ഫോട്ടോയും വീഡിയോയുമൊക്കെ എടുത്തു തിരിച്ചു വന്നപ്പോഴും കൂടെയുള്ള ആരും എഴുന്നേറ്റിട്ടില്ല.

ബ്രേക്ക്‌ഫാസ്റ്റ് ഒക്കെ കഴിഞ്ഞിട്ട്, മുൻപ് പറഞ്ഞ ഇടുക്കിയിലെ ഏറ്റവും സുന്ദരമായ ആ സ്ഥലം കാണാൻ പോകണം, ചതുരംഗപ്പാറ!! അതേ ചതുരംഗപ്പാറ തന്നെയാണ് ഞാൻ പറഞ്ഞ ഇടുക്കിയിലെ ആ മിടുക്കി. മുൻപ് പലപ്പോഴും ഇടുക്കി യാത്രകളിൽ എനിക്കു മിസ്സായ ഒരു സ്ഥലമാണ് ചതുരംഗപ്പാറ, ഫോട്ടോയിലൊക്കെ കണ്ടിട്ടുണ്ടെകിലും നേരിട്ട് കാണുമ്പോ ആ ഒരു ഫീൽ ഒന്ന് വേറെയാരിക്കുമല്ലോ. എല്ലാവരും റെഡിയായപ്പോഴേക്കും ജീപ്പുമായി റൊമേഷ് ചേട്ടനും വേറെ രണ്ടു ചേട്ടന്മാരുമെത്തി, നമ്മുടെ എസ്റ്റേറ്റ് ഓണർ സുകുചേട്ടന്റെ പരിചയക്കാരാണ്, അവിടെ അടുത്ത് തന്നെയുള്ളവരാണ്, ഞങ്ങളെ സ്ഥലമൊക്കെ കാണിക്കാൻ കൊണ്ടുപോകാൻ വന്നതാണ്. ഒരു കാറിലും, പുള്ളിയുടെ ജീപ്പിലുമായി ഞങ്ങൾ ചതുരംഗപ്പാറയ്ക്കു പുറപ്പെട്ടു. 

തലേദിവസം വരെ കനത്ത മഴയായിരുന്നെങ്കിൽ ഇന്ന് നല്ല തെളിവാണ്, ചതുരംഗപ്പാറയ്ക്കു അടുത്ത് എത്തിയപ്പോഴേക്കും ചെറിയ കയറ്റംതുടങ്ങി, ഇടുങ്ങിയ റോഡും, ഇടക്ക് ഇറങ്ങി വരുന്ന വണ്ടികൾ ഞങ്ങളുടെ സമയം നന്നായി മിനക്കെടുത്തി, സൈഡില്ല അതാണ് കാര്യം. കുറച്ചു ദൂരം കയറിയപ്പോൾ തന്നെ വഴിയിലൊക്കെ വണ്ടികൾ പാർക്ക്‌ ചെയ്തിട്ടുണ്ട്, നിര നിരയായി കുറേ വിൻഡ് മില്ലുകൾ അഥവാ കാറ്റാടി മരങ്ങൾ, അവിടെ മൊത്തം അഞ്ചാറു വിൻഡ് മില്ലുകൾ കണ്ടു, കൂറ്റൻ ലീഫുകളുമായി പതിയെ കറങ്ങുന്ന കാറ്റാടി മരങ്ങൾ ശെരിക്കും ഒരത്ഭുതമാണ്. ചിലതിന്റെ കറങ്ങുമ്പോളുള്ള കട കട സൗണ്ട് കേട്ടാൽ ഇപ്പോൾ പൊട്ടി വീഴുമെന്ന് തോന്നും. ആദ്യത്തെ വിൻഡ് മില്ലിന്റെ ചുവട്ടിൽ കാർ പാർക്ക്‌ ചെയ്തിറങ്ങിയപ്പോഴേക്കും റൊമേഷ് ചേട്ടൻ ബാക്കിയുള്ളവരെയും കൊണ്ട് മലയുടെ ടോപ്പിൽ എത്തിയിരുന്നു, അങ്ങോട്ട്‌ കാറ് കേറില്ല, ജീപ്പ് തന്നെ വേണം, അത്കൊണ്ട് റൊമേഷ് ചേട്ടൻ വീണ്ടും ഞങ്ങളെ കൂട്ടാനായി തിരിച്ചെത്തി. പാറയുടെ മുകളിലൂടെ ജീപ്പ് കയറി പോകുന്ന കണ്ടപ്പോൾ ഉറുമ്പിക്കര ഓഫ് റോഡൊക്കെ ചെറുതാണെന്ന് തോന്നിപ്പോയി.

ജീപ്പ് നിർത്തി ഇറങ്ങുമ്പോളേക്കും നല്ല വെയിലായിട്ടുണ്ട്, ക്ലിയർ സ്കൈ ആയതുകൊണ്ട് വ്യൂ പോയിന്റിൽ നിന്നുള്ള കാഴ്ചൾക്ക്  നല്ല തെളിച്ചം, നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കൃഷിയിടങ്ങളും പാഴ്നിലങ്ങളും, ഒരുപാട് താഴ്ചയിലാണ്, തമിഴ്നാടിന്റെ ഭാഗങ്ങളാണ്, ശെരിക്കും ഫ്ലൈറ്റിൽ നിന്നും കാണുന്ന പോലെ. മനം കുളിർക്കുന്ന കാഴ്ചകളാണ് ചുറ്റും, ഒരു സൈഡിൽ താഴെ തമിഴ്നാട്, മറു സൈഡിൽ പച്ച വിരിച്ച മൊട്ടക്കുന്നുകൾ, സാധാരണ വന്നാൽ മിക്കവാറും ഭയങ്കര കാറ്റും മഞ്ഞും ഉണ്ടാവാറുണ്ടെന്നു ചേട്ടന്മാർ പറഞ്ഞു, വെയിൽ വീണതുകൊണ്ടാവണം ഇന്ന് കാറ്റും മഞ്ഞുമില്ലാരുന്നു, അതു ഒരു കണക്കിന് നന്നായി, അവിടുന്നുള്ള വ്യൂ ശെരിക്കും കാണാൻ പറ്റി. ഇവിടെ പോകുന്നവർ ശ്രെദ്ധിക്കുക ഫോട്ടോക്കും മറ്റുമായി ഒരുപാട് സൈഡിലേക്ക് പോകരുത്, കുത്തനെയുള്ള കൊക്കയാണ് സുരക്ഷാ വേലികളൊന്നുമില്ല, കാവലിന് ആളുമില്ല, നമ്മുടെ സുരക്ഷ നമ്മൾ തന്നെ നോക്കുക. 

അവിടുത്തെ കാഴ്ചകൾ മതിയാകുവോളം ആസ്വദിച്ച ശേഷം ഞങ്ങൾ അവിടെ നിന്നും ദൂരെ കണ്ട ഒരു മൊട്ടക്കുന്നിലേക്ക് യാത്ര തിരിച്ചു, ഒരു കിടിലൻ ഓഫ്റോഡ് ഡ്രൈവ്, എല്ലാവരും ഒരൊറ്റ ജീപ്പിൽ, അങ്ങോട്ട്‌ കയറിപ്പോയ പാറയിൽ കൂടെ തിരിച്ചിറങ്ങുന്നത് ചെറുതായി പേടിപ്പെടുത്തുന്നതായിരുന്നു. വണ്ടി മൊത്തത്തിൽ ചെരിയുന്ന കണ്ടാൽ ഇപ്പോൾ മറിയുമെന്ന് തോന്നും. അവിടെ നിന്നിറങ്ങി കുറച്ചു ദൂരം ചെന്നപ്പോ, മുൻപ് കണ്ട മൊട്ടക്കുന്നിന്റെ താഴ് വാരത്തെത്തി. മുകളിലോട്ടു നല്ല കയറ്റമാണ്, ടൈറ്റ് ലോഡുമായിട്ട് കുത്തനെ കയറ്റം ജീപ്പ് പുട്ടുപോലെ കേറിപ്പോയി. ചെറിയ കാറ്‌കൊണ്ട് കയറാൻ പറ്റുമെന്ന് തോന്നുന്നില്ല, മുകളിൽ ചെന്നപ്പോൾ കുന്നിന്റെ ഒരു സൈഡിൽ താഴേക്കു കുത്തനെ നല്ല തിക് ഫോറെസ്റ്റാണ്, നമ്മൾ കയറി വന്ന സൈഡിൽ പുല്ല് നിറഞ്ഞ മൊട്ടക്കുന്നും. ആനയൊക്കെ ഇറങ്ങാറുള്ള സ്ഥലം, ഏതായാലും കിടിലൻ സ്ഥലമാണ്. ഇവിടെയെത്തിയപ്പോഴേക്കും വെയിലിന്റെ കട്ടി കുറഞ്ഞു, ചെറിയ തണുപ്പൊക്കെയായിതുടങ്ങി. ഇവിടെ നിന്ന് നോക്കിയാൽ നമ്മൾ മുൻപ് പോയ വ്യൂ പോയിന്റും കാറ്റാടി മരങ്ങളുമൊക്കെ, ചെറിയ പൊട്ടുപോലെ അങ്ങ് ദൂരത്തായി കാണാം.

അവിടെ വീണു കിടന്ന ഒരു മരത്തിൽ ഇരുന്നു കുറച്ചു നേരം, പിന്നെ കാട്ടിലൂടെ താഴേക്ക് കുറച്ചിറങ്ങി നോക്കി, നിറയെ ചീവിടിന്റെ ഒച്ചയും കാടിന്റെ ഒരു പേടിപ്പെടുത്തുന്ന ഭാവവും, കൂടതൽ ഇറങ്ങാൻ വഴിയില്ലാത്ത കൊണ്ട് തിരിച്ചു കേറിപോന്നു. കൂടെ വന്ന ചേട്ടൻമാർ ഓരോ മരത്തിന്റെയും ചെടികളുടേയുമൊക്കെ പേര് പറഞ്ഞു തന്നു, ചതുരംഗപ്പാറ കാണാൻ വരുന്നവരിൽ അധികവും വ്യൂ പോയിന്റ് കണ്ടിട്ട് തിരികെ പോകാറാണ് പതിവ്, ഇങ്ങനെയുള്ള സ്ഥലങ്ങൾ കൂടെ പോയിക്കാണണം. മഞ്ഞ് പുതച്ച,സദാ കാറ്റ് തഴുകുന്ന ചതുരംഗപ്പാറയുടെ മറ്റൊരു സുന്ദര മുഖം കാണാൻ സാധിച്ചില്ല, സാരമില്ല എല്ലാ കാഴ്ചകളും ഒരു യാത്രയിൽ കണ്ടാൽ അടുത്ത യാത്രക്ക് എന്തെങ്കിലുമൊക്കെ ബാക്കി വെക്കണ്ടേ. കുറച്ചൊക്കെ യാത്ര ചെയ്യുന്നവർ, മിക്കവാറും ചതുരംഗപ്പാറ വന്നിട്ടുണ്ടാകും, ഇനി അഥവാ ഇല്ലെങ്കിൽ അടുത്ത ട്രിപ്പ്‌ നേരെ പിടിച്ചോ ഇങ്ങോട്ടേക്കു, വരവ് നഷ്ടമാകില്ല, എന്റെ വാക്ക്. 

ഈ യാത്രയുടെ വീഡിയോ കാണാൻ, DotGreen യൂട്യൂബ് ചാനൽ കാണുക, ഇഷ്ടമായാൽ ഷെയർ ചെയ്യുക, ചാനൽ സപ്പോർട്ട് ചെയ്യുക.
https://youtu.be/6lMWJEVZqp4

കടപ്പാട് : Bibin Sebastian

.

Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.