Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

മാമലക്കണ്ടം എന്ന വനഗ്രാമവും , കൊടും കാടിന് നടുവിലെ ക്നാച്ചേരി വനദുർഗ ക്ഷേത്രവും

October 18, 2021 0

എറണാകുളം ജില്ലയിലെ അതിമനോഹരമായ ഒരു കാനന പാതയാണ് മാമലക്കണ്ടത്തേക്ക് ഉള്ളത്...ഏകദേശം 26KM ഈറ്റക്കാടുകൾ നിറഞ്ഞതും വനത്താൽ ചുറ്റപ്പെട്ടതുമായ വഴിയിലൂടെ സഞ്ചരിക്കാൻ കഴിയുന്ന സ്ഥലം എറണാകുളം ജില്ലയിൽ വേറെ കാണില്ല...ഒരു വണ്ടിക്ക് മാത്രം പോകാൻ വീതിയുള്ള കാട്ടു പാതയിലൂടെ മാമലക്കണ്ടം എന്ന ഗ്രാമത്തിലോട്ടുള്ള യാത്ര അതി മനോഹരം ആണ്...കോതമംഗലം കുട്ടമ്പുഴ വഴിയും, നേര്യമംഗലം ആറാം മൈൽ വഴിയും നമുക്ക് മാമലക്കണ്ടത്തെക്ക് പോകാം...കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലാണ് മാമലക്കണ്ടം സ്ഥിതി ചെയുന്നത്... പോകുന്ന വഴിയിൽ മാമലക്കണ്ടം കൂടാതെ എലുബ്ലാശേരി, പന്തപ്ര, ഉരുളൻ തണ്ണി , പിണവൂർ കുടി തുടങ്ങിയ മറ്റു സ്ഥലങ്ങളും ഉണ്ട്...ഒരു ദിവസം നല്ല രീതിയിൽ ഫാമിലി ആയും കൂട്ടുകാരും ഒത്ത് വന്ന് കാഴ്ചകൾ ആസ്വദിച്ച് പോകാൻ ഉള്ള കാഴ്ചകൾ ഉണ്ട് ഈ വഴിയിൽ...വെള്ളച്ചാട്ടങ്ങളും വ്യൂ പോയിന്റുകളും മനോഹരമായ കാനന പാതയും ചേർന്നാൽ കാഴ്ചകളുടെ വിരുന്ന് തന്നെയാണ്...വളരെ ചെറിയ ഭാഗത്ത് മാത്രമേ റോഡ് മോശം ആയിട്ടുള്ളു, ബാക്കി എല്ലായിടത്തും മികച്ച റോഡ് തന്നെയാണ്...KSRTC, പ്രൈവറ്റ് ബസുകൾ ഇങ്ങോട്ട് സർവീസ് നടത്തുന്നുണ്ട്...നമ്മുടെ സ്വന്തം വണ്ടിയിൽ തന്നെ സ്വസ്ഥമായി സമാധാനത്തോടെ എത്ര സമയം വേണേലും എടുത്ത് സഞ്ചരിക്കാം എന്നതാണ് ഈ വഴിയുടെ ഏറ്റവും വലിയ  പ്രത്യേകത... അത് കൂടാതെ ജീപ്പ് വാടകക്ക് വിളിച്ചാൽ റോഡരികിൽ ഉള്ളത് അല്ലാതെ കാടിന് ഉള്ളിലുള്ള മനോഹരമായ കാഴ്ച്ചകളും വെള്ളച്ചാട്ടങ്ങളും ഒക്കെ കാണുകയുമാകാം.

വിഡിയോ കാണാൻ : https://youtu.be/_x9ABtIIZRk

നേര്യമംഗലം ആറാം മൈലിൽ നിന്നും തിരിഞ്ഞാൽ പിന്നെ  അങ്ങോട്ട് വനപാതയാണ്, നേര്യമംഗലം വനത്തിന്റെ ഭാഗത്ത് കൂടിയാണ് യാത്ര...യാത്ര തുടങ്ങി കുറച്ച് ദൂരം ചെറിയ കയറ്റവും വലിയ വളവുകളും ഒക്കെയാണ്, അതിന് ശേഷം നിരപ്പായ സ്ഥലങ്ങൾ ആണ്...നിരപ്പായ സ്ഥലം എന്ന് പറഞ്ഞാൽ കൊടുംകാട് തന്നെയാണ്....റോഡിന്റെ ഇരു ഭാഗത്തും ഈറ്റക്കാടുകൾ ആണ്, അതെല്ലാം റോഡിൽ നിന്നും 5-10 മീറ്റർ ദൂരത്തിൽ വെട്ടിനിർത്തിയിട്ടുണ്ട്, മൃഗങ്ങൾ റോഡരികിൽ ഉണ്ടെങ്കിൽ പെട്ടെന്ന് തിരിച്ചറിയാൻ വേണ്ടി വനംവകുപ്പാണ് ഈറ്റക്കാടുകൾ വെട്ടിനിർത്തിയിരിക്കുന്നത്...പലപ്പോഴും വാഹനങ്ങളുടെ മുന്നിലേക്ക് വന്യമൃങ്ങൾ പെട്ടെന്ന് കാട്ടിൽ നിന്നും കയറി വന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്, അത് ഒഴിവാക്കാൻ ആണ് ഈ പണി ചെയ്തിരിക്കുന്നത് ...ആനപ്പിണ്ടങ്ങളും ആനകൾ ഒടിച്ച് ഇട്ടിരിക്കുന്ന മരക്കൊമ്പുകളും ഒക്കെ പോകുന്ന വഴിയിൽ മിക്കയിടത്തും കാണാം...വനംവകുപ്പിന്റെ കണക്കനുസരിച്ച് കാട്ടാനകളുടെ സാന്ദ്രത ഏറ്റവും കൂടിയ വനമേഖലയിൽ പെടുന്നതാണ് മാമലക്കണ്ടവും പൂയംകുട്ടി വനമേഖലയും...പലപ്പോഴും കാട്ടാനകൾ കൂട്ടമായി തന്നെ ഈ വഴിയുടെ അരികിൽ കാണപ്പെടാറുണ്ട്...
എലുബ്ലാശേരി, മാമലക്കണ്ടം, ഉരുളൻതണ്ണി ഇവിടെയെല്ലാം ആളുകൾ കൃഷി ചെയ്യുകയും താമസിക്കുകയും ചെയുന്നുണ്ട്...മാമലക്കണ്ടത്ത് മാത്രം ആണ് പട്ടയം ലഭിച്ച ഭൂമി ഉള്ളത് എന്നാണ് അറിവ്, അങ്ങനെ ആണെങ്കിൽ ബാക്കിയുള്ളവർ കാട്ടിൽ ആണ് താമസിക്കുന്നത് എന്ന് തന്നെ പറയേണ്ടി വരും...പോകുന്ന വഴിയിൽ ജനവാസ മേഖലയിലിൽ ഇരുഭാഗത്തും ഇലക്ട്രിക്ക് ഫെൻസിങ്ങ് സ്ഥാപിച്ചിട്ടുണ്ട്, പക്ഷെ ജനവാസ മേഖല കഴിഞ്ഞാൽ റോഡിന് ഇരുവശവും കാട് തന്നെയാണ്...വീട്ടിൽ നിന്നും പുറത്തേക്ക് കാൽ എടുത്ത് വച്ചാൽ കാട്ടിലേക്ക് എന്നതാണ് ഇവിടെ താമസിക്കുന്ന ആളുകളുടെ അവസ്ഥ... പോകുന്ന വഴിക്ക് സമാന്തരമായി പലപ്പോഴും ചെറിയ കാട്ടു ചോലകൾ കാണാം, ശാന്തമായി ഒഴുകി പൂയംകുട്ടി ആറിൽ ലയിക്കാൻ ഉള്ള പോക്കാണ്...ഈ വഴിയിൽ ഉള്ള എലുബ്ലാശേരിയിൽ  നിന്നും മാങ്കുളം ഭാഗത്തേക്ക് വാത്തിക്കുടി വഴി ഒരു കാനന പാത വേറെ ഉണ്ടെങ്കിലും ആ വഴിയിലൂടെ നമുക്ക് പോകാൻ കഴിയില്ല, ഫോറെസ്റ്റ് ആ വഴി അടച്ചിരിക്കുകയാണ്...നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ ചിതൽ പോലെയാണ് മാങ്കുളത്തേക്ക് ഉള്ള വഴിയിൽ കാട്ടാനകളെ കാണുക എന്നാണ് പറയപ്പെടുന്നത്...ഒരു ഭാഗത്ത് പൂയംകുട്ടി, മാങ്കുളം കാടുകൾ ആയത് കൊണ്ട് തന്നെ വന്യമൃഗ സാന്നിധ്യം ഇവിടെ വളരെ കൂടുതൽ ആണ്...ആനയും മ്ലാവും മലയണ്ണാനും  പുലിയും കടുവയും ഒക്കെയുണ്ട് ഈ കാടുകളിൽ...
കാടിന്റെ ഓരോ കോണുകളും ആസ്വദിച്ച് കിളികളുടെയും കാട്ടുചോലകളുടെയും ശബ്ദവും കേട്ട് ഈ വഴിയിലൂടെ ഒരു ഡ്രൈവ് അടിപൊളിയാണ്...വാഹനത്തിരക്ക് തീരെ ഇല്ല, കാടും നമ്മളും മാത്രം...ചിലയിടങ്ങളിൽ മരങ്ങളിൽ മലയണ്ണാൻ ഓടിക്കളിക്കുന്നു...മഴക്കാലം ആയതിനാൽ പച്ച വർണത്തിന്റെ തന്നെ തന്നെ പലവിധ വകബേധങ്ങളിൽ പടർന്ന് നിൽക്കുന്ന പേരറിയാത്ത മരങ്ങൾ, താഴെ  മനോഹരമായ പുൽമേടുകൾ, എല്ലാം നല്ലരീതിയിൽ പച്ച പുതച്ച് കിടക്കുന്നു...ഇടയ്ക്കിടെ സഞ്ചാരികളുടെ ബുള്ളറ്റ് വാഹനത്തിന്റെ കനത്ത ശബ്ദം നിശബ്ദതയെ ഭേദിച്ച് നമുക്ക് അലോസരം ഉണ്ടാകുന്ന രീതിയിൽ കടന്ന് പോകുന്നു, വന്യ മൃഗങ്ങളുടെ ആവാസവ്യവസ്ഥയിൽ ഇത്തരം ശബ്ദം ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല, അത്തരം വാഹങ്ങൾ പോയി കഴിഞ്ഞാലും കുറെ നേരത്തേക്ക് കാട്ടിൽ ഒരു മുഴക്കം പോലെ ആ ശബ്ദം ഉണ്ടാകും......ഉത്തരവാദിത്വ ടൂറിസം എന്നത് ഇനിയും നമ്മുടെ നാട്ടിൽ പ്രാബല്യത്തിൽ വന്നിട്ടില്ല...കാടിന് ഉള്ളിലേക്ക് നമ്മൾ കടന്ന് ചെല്ലുമ്പോൾ അവിടെയുള്ള കാടിന്റെ നിയമങ്ങൾ നമ്മളും പാലിക്കണം എന്നത് ഇനിയും നമ്മൾ തിരിച്ചറിഞ്ഞിട്ടില്ല...
മാമലക്കണ്ടം പോകുകയാണെങ്കിൽ തീർച്ചയായും കാണേണ്ട ഒരു സ്ഥലം ആയി ഞാൻ മനസ്സിൽ ഓർത്തിരുന്ന സ്ഥലം ആണ് ക്നാച്ചേരി വനദുർഗ ക്ഷേത്രം...ഉരുളൻതണ്ണി ഭാഗത്ത് കാടിന് നടുവിൽ ആണ് ആ  ക്ഷേത്രം...വന്യമൃഗങ്ങൾ കടക്കാതെ ഇരിക്കാൻ ആയി ചുറ്റും ഫെൻസിങ്ങ് സ്ഥാപിച്ച് വൻമരങ്ങൾ വളർന്ന് പന്തലിച്ച് നിൽക്കുന്ന കാടിന് നടുവിൽ ഒരു ചെറിയ മനോഹരമായ ക്ഷേത്രം...റോഡിൽ കണ്ട ചേട്ടനോട് വഴി ചോദിച്ച് മനസ്സിലാക്കി കാടിന് അകത്തേക്ക് ഉള്ള ചെറു പാതയിലൂടെ മുന്നോട്ട് നടന്നു, കുറച്ച് കഴിഞ്ഞപ്പോൾ ഇലക്ട്രിക് ഫെൻസിങ്ങ് അകത്തി വച്ചിരിക്കുന്ന ഒരു ഭാഗത്ത് കാടിന് ഉള്ളിലേക്ക് ക്ഷേത്രത്തിന്റെ ബോർഡ് കാണാം...കുറച്ച് ദൂരം ഉണ്ടാവുകയുള്ളു എന്നും ക്ഷേത്രത്തിൽ ആളുകൾ കാണും എന്ന പ്രതീക്ഷയിൽ ആണ് ഞാൻ ആ ഫെൻസിങ് കടന്ന് കാട്ടിലൂടെ മുന്നോട്ട് പോയത്... എന്നാൽ ഓരോ വളവ് കഴിയുംതോറും ക്ഷേത്രം കാണാതെ ആയപ്പോൾ മനസ്സിൽ ചെറുതായി ഭയം സ്വാധീനം ചെലുത്തി തുടങ്ങി…നല്ല ഉയരമുള്ള മരങ്ങൾ തിങ്ങി നിറഞ്ഞ കാട്ടിൽ ചീവിടിന്റെ ശബ്ദവും എന്റെ കാൽപ്പാദം നിലത്ത് വീണ കരിയിലകളിൽ അമരുന്ന ശബ്ദവും മാത്രം ആയി, പോരാത്തതിന് നെഞ്ചിടിപ്പ് കൂട്ടാൻ വഴി നീളെ ആനപ്പിണ്ടങ്ങളും...ഒരു ചെറിയ അരുവിയും കടന്നുള്ള യാത്രയിൽ അവസാനം ഞാൻ ഒരുപാട് നാളായി കാണാൻ ആഗ്രഹിച്ച ആ ക്ഷേത്രത്തിൽ എത്തി, അവിടെ ചെന്നപ്പോൾ ക്ഷേത്രത്തിൽ ആരും ഇല്ലാത്തതിനാൽ ഫെന്സിങ്ങിന് പുറത്ത് നിന്ന് കാണാനേ കഴിഞ്ഞുള്ളു...റോഡിന്റെ സൈഡിൽ ഉള്ള ഫെൻസിങ്ങ് കടന്ന് പിന്നെ ഒരു 10 മിനിറ്റ് കാട്ടിലൂടെ നടന്നാണ് ഇങ്ങോട്ട് എത്താൻ കഴിയുക...ക്ഷേത്രത്തിന് 10 മീറ്റർ അകലെ പോലും ആനപ്പിണ്ടങ്ങൾ കിടക്കുന്നുണ്ട്... ഇങ്ങോട്ട് സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടോ എന്ന് എനിക്ക് അറിയില്ല, കാരണം കാടിന് നടുവിലുള്ള ഈ ക്ഷേത്രം സ്ഥിരമായി തുറന്ന് കൊടുക്കാൻ സാധ്യത വളരെ കുറവാണ്...സ്ഥിരമായി ആനകൾ ഇവിടെ വരാറുണ്ടെന്ന് ചുറ്റുപാടും നോക്കിയാൽ മനസ്സിലാകും, പക്ഷെ അമ്പലത്തിന് നാശനഷ്ടങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്...മനസിന് സമാധാനം തേടി ആണല്ലോ ആളുകൾ ക്ഷേത്രത്തിലേക്ക് മറ്റും വരുന്നത്, അപ്പോൾ കൊടും കാടിന് നടുവിൽ ഒറ്റപ്പെട്ട് കിടക്കുന്ന ഈ  ക്ഷേത്രത്തിൽ വരാനും മനസറിഞ്ഞു പ്രകൃതിയിൽ ലയിച്ച്  പ്രാർത്ഥിക്കാനും കഴിഞ്ഞാൽ ലഭിക്കുന്ന ആത്മസംതൃപ്തി ഒന്ന് ആലോചിച്ച് നോക്കൂ...
ഈ പറഞ്ഞതോ വിശദീകരിച്ചതോ കൊണ്ട് മാമലക്കണ്ടം എന്ന കാടിന് നടുവിലെ മനോഹരമായ ഗ്രാമത്തിന്റെ കാഴ്ചകൾ തീരുന്നില്ല…എന്തായാലും ഇനിയും പോകണം മാമലക്കണ്ടത്തെക്ക് , നല്ല രീതിയിൽ ഒരു ദിവസം മുഴുവൻ എടുത്ത് ആ കാടുകളുടെയും കുടികളുടെയും കാഴ്ച്ചകൾ ഒക്കെ കണ്ട് ആസ്വദിക്കണം...മാമലക്കണ്ടത്തേക്ക് നടത്തിയ  യാത്രയുടെ അതിമനോഹരമായ  വിഡിയോ  Nature Traveller എന്ന എന്റെ ചാനലിൽ കാണാം.

കടപ്പാട് : Arun Aju

Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.